
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകൻ കെ.ബി. പ്രദീപിനെ, ദേവസ്വം ബോർഡുകളുടെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച സർക്കാർ നടപടി വിവാദത്തിലേക്ക്. ഹൈക്കോടതിയിൽ ദേവസ്വങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന കേസുകളിൽ ഇനി സർക്കാരിനും ദേവസ്വം ബോർഡിനും വേണ്ടി വാദിക്കുക കെ.ബി. പ്രദീപായിരിക്കും. മുൻപരിചയം കണക്കിലെടുത്താണ് പ്ലീഡർമാർക്ക് ചുമതല വിഭജിച്ചു നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
2019-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ ഒമ്പതാം പ്രതിയായ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് വേണ്ടിയാണ് കെ.ബി. പ്രദീപ് കോടതിയിൽ ഹാജരായിരുന്നത്. സ്മാർട്ട് ക്രിയേഷൻസിൽ വെച്ചാണ് സ്വർണം വേർതിരിച്ചെടുത്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിഭാഗത്തിന് വേണ്ടി മാധ്യമങ്ങളോട് സംസാരിച്ചിരുന്നതും ഇതേ അഭിഭാഷകനായിരുന്നു.
മന്ത്രിയുടെ വിചിത്ര ന്യായീകരണം:
പ്രതിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തന്നെ സർക്കാർ അഭിഭാഷകനാക്കുന്നത് ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ നൽകിയത്. പ്രതിയുടെ ദൗർബല്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാൾ സർക്കാർ അഭിഭാഷകനായി വരുന്നത് കേസിന് നല്ലതാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും സർക്കാർ അഭിഭാഷകനെ നിയമിക്കാനുള്ള വിവേചനാധികാരം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരിക്കുകയായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി. എങ്കിലും, ഒരു കാരണവശാലും സ്വർണക്കൊള്ളക്കേസിലെ പ്രതികൾ രക്ഷപ്പെടില്ലെന്നും മന്ത്രിസഭയിലെടുത്ത തീരുമാനത്തെ കൂട്ടുത്തരവാദിത്തമുള്ളതിനാൽ തള്ളിപ്പറയാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൻ അഴിച്ചുപണി
ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ തസ്തിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ അഴിച്ചുപണിയിലൂടെ കെ.ബി. പ്രദീപിന് പുറമെ പി.കെ. സജീവൻ, പി.കെ. ശാന്തമ്മ എന്നിവരെക്കൂടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷമാണ് ഇവരുടെ കാലാവധി.
കഴിഞ്ഞ സർക്കാർ നിയമിച്ച 18 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 20 ഗവൺമെന്റ് പ്ലീഡർമാരെയും പൂർണ്ണമായി പിരിച്ചുവിട്ടാണ് പുതിയ നിയമനം. മൂന്ന് സ്പെഷ്യൽ പ്ലീഡർമാർക്ക് പുറമെ 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 19 ഗവൺമെന്റ് പ്ലീഡർമാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. എങ്കിലും, പ്രതിഭാഗം വക്കീലിനെ പ്രോസിക്യൂഷൻ ചുമതലയേൽപ്പിച്ച നടപടി വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ആയുധമാകുമെന്നുറപ്പാണ്.











